ഓണാട്ടുകരയുടെ സാംസ്കാരിക ചരിത്രം വര്‍ണ്ണാഭമാണ്. കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടാണ് ഈ സാംസ്കാരിക ഭൂമിക അറിയപ്പെടുന്നത്.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പൊതുവെ ഓണാട്ടുകര എന്ന പേരില്‍ അറിയപ്പെടുന്നത്. തെക്ക് കന്നേറ്റിയും വടക്ക് തൃക്കുന്നപ്പുഴയും കിഴക്ക് പന്തളവും പടിഞ്ഞാറ് അറബിക്കടലും അതിരുകള്‍ തിരിച്ച പ്രദേശം.
മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രണ്ടാം ചേര സാമ്രാജ്യത്തിന്‍റെ (800-1102) അധഃപതനത്തോടെ പ്രാധാന്യം കൈവരിച്ച പ്രദേശങ്ങളില്‍ ഒന്നാണിത്. ചിറവ സ്വരൂപത്തിന്‍റെ അഞ്ചു ശാഖകളിലൊന്നാണെന്നു പറയുന്നു.
ഓടല്‍ ചെടികളുടെ നാട് എന്ന അര്‍ത്ഥത്തിലും ഓടങ്ങള്‍ (ചെറുവള്ളങ്ങള്‍) ഉള്ള നാട് എന്ന അര്‍ത്ഥത്തിലുമാണ് ഓടനാട് എന്ന പേര് ലഭിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. പന്ത്രണ്ടാം ശതകത്തോടെയായിരിക്കണം ഓടനാട്, വേണാട് തുടങ്ങിയ ചെറുരാജ്യങ്ങള്‍ സ്വതന്ത്രമായത്. കൊല്ലവര്‍ഷം 175ലെ ജൂത ശാസനത്തില്‍ ഓടനാടിനെക്കുറിച്ചുള്ള സൂചനയുണ്ട്. പതിനാലാം ശതകത്തില്‍ എഴുതപ്പെട്ടതെന്നു കരുതുന്ന ശുകസന്ദേശത്തിലും ഓടനാട് പരാമര്‍ശമിക്കുന്നുണ്ട്.
വിക്രമാദിത്യ വരഗുണന്‍റെ കാലശേഷം ഭിന്നമായ രാജ്യത്തിന്‍റെ ഭരണാധികാരികളില്‍ ചിലര്‍ കായംകുളത്തിനും തിരുവല്ലയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ദേശമാണ് ഓടനാട് എന്ന് ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെടുന്നു.
ഓടനാട് രാജവംശത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത് കണ്ടിയൂര്‍ മഹാദേവക്ഷേത്ര ശാസനത്തില്‍ നിന്നും; ഹരിപ്പാട് ക്ഷേത്രലിഖിതങ്ങളില്‍ നിന്നുമാണ്.
വട്ടെഴുത്തു ലിപിയില്‍ തമിഴ്ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള രണ്ടു ശാസനങ്ങളാണ് കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിലുള്ളത്. കൊല്ലവര്‍ഷം 393ലെ ഇരവി കേരളവര്‍മ്മന്‍റെ ശാസനമാണിത്.
1342ല്‍ മുതല്‍ നാലുവര്‍ഷം കേരളത്തിലുടനീളം ഇബ്നു ബത്തൂത്ത സഞ്ചരിച്ചു രേഖപ്പെടുത്തിയ പന്ത്രണ്ടു നാടുവാഴിദേശങ്ങളിലൊന്നാണ് ഓടനാട്.
ഹരിപ്പാട് ക്ഷേത്രത്തിലെ ലിഖിതത്തില്‍ നിന്നും ഇരവി ആദിച്ചവര്‍മ്മ, ഇരവി കേരളവര്‍മ്മ എന്നീ ഓടനാട് രാജാക്കന്മാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കാലഗണന സാധ്യമല്ലാത്തതിനാല്‍ അവര്‍ ഭരിച്ചിരുന്ന കാലം ഏതെന്നു പറയുവാന്‍ കഴിയുന്നില്ല. ചരിത്രകാരന്മാര്‍ വ്യത്യസ്ത തലത്തില്‍നിന്നുകൊണ്ട് നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഓടനാടിനെക്കുറിച്ച് പറയുമ്പോഴും പതിമൂന്നാം ശതകത്തോടെ പ്രബലമായ ഒരു രാജ്യമായി ഓടനാട് മാറിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും.
വേണാട്ടുകരയെക്കുറിച്ചും ഓണാട്ടുകരയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കുഞ്ചന്‍നമ്പ്യാരുടെ 'കൃഷ്ണലീല' ശീതങ്കന്‍ തുള്ളലില്‍ കാണാം.
"ഓണാട്ടുകരനാട്ടിലിയലുമീശ്വരന്മാരും/വേണാട്ടുകരനാട്ടിലിയലുമീശ്വരന്മാരും" എന്നതാണ് ആ പരാമര്‍ശം.
പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുമാര്‍ കേരളത്തിലെത്തുമ്പോള്‍ അവരുമായി നേരിട്ട് കച്ചവടം നടത്തുവാന്‍ പ്രാപ്തിയുള്ള ഒരു ദേശമായി ഓടനാട് മാറിയിരുന്നു. ഓടനാടിന്‍റെ ആദ്യതലസ്ഥാനം കണ്ടിയൂര്‍ ആയിരുന്നു. പിന്നീടത് എരുവയിലേക്ക് മാറ്റി. കൃഷ്ണപുരം ആസ്ഥാനമായതോടെ ഓടനാട് കായംകുളമായി പരിണമിച്ചു .
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്‍റെ ഭരണാധികാരിയാകുകയും രാമയ്യന്‍ മൂന്നാമത്തെ ദളവയായി മാവേലിക്കര ആസ്ഥാനമാക്കിയതോടെ കായംകുളത്തിന് അതിന്‍റെ പ്രതാപം നഷ്ടപ്പെട്ടു. കായംകുളവും സമീപ ദേശങ്ങളും പൂര്‍ണ്ണമായും തിരുവിതാംകൂറില്‍ ലയിപ്പിക്കുന്നതിനു മുമ്പ് ഡച്ചുകാരുമായി മാവേലിക്കരയില്‍ വച്ച് 1743ല്‍ തിരുവിതാംകൂര്‍ ഉടമ്പടി ചെയ്തു. 27 വ്യവസ്ഥകള്‍ അടങ്ങുന്ന ഉടമ്പടിയുടെ നാലു പകര്‍പ്പുകള്‍ എഴുതി. രണ്ടെണ്ണം മലയാളത്തിലും രണ്ടെണ്ണം ഡച്ചിലുമായിരുന്നു. മെയ് 22ന് മാവേലിക്കര കൊട്ടാരത്തില്‍ വച്ച് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായ റെയ്നിക്കസ് സിയെര്‍ സ്മായും തുല്യം ചാര്‍ത്തി. മലയാളത്തിലുള്ളതും ഡച്ചിലുള്ളതുമായ പകര്‍പ്പുകള്‍ ഇരുവരും കൈമാറി. കാര്‍ഷികമേഖല എന്നതിനപ്പുറം മാവേലിക്കര തിരുവിതാംകൂറിന്‍റെ പ്രധാന സൈനികത്താവളമായിരുന്നു. കോട്ടകെട്ടി രണ്ടുവിഭാഗം സേനകളെ ഇവിടെ സജ്ജരാക്കിയിരുന്നു. തിരുവിതാംകൂറിന്‍റെ കണ്ണ് എന്നും തിരുവിതാംകൂറിന്‍റെ കവാടം എന്നുമായിരുന്നു അക്കാലത്തെക്കുറിച്ചുള്ള മിഷനറി രേഖകളിലെ മാവേലിക്കരയെക്കുറിച്ചുളള പരാമര്‍ശം.
നാലാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം സംഘടിതമതത്തിന്‍റെ എല്ലാ പ്രത്യേകതകളും സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ബുദ്ധമതം അതിന്‍റെ എല്ലാ സവിശേഷതകളോടും കൂടി നിലനിന്നു. ശ്രീശങ്കരാചാര്യരുടെ വേദാന്തദര്‍ശനം പ്രചരിച്ചതോടെ ബുദ്ധമതത്തിന് പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞില്ല.
ഏറ്റവും അധികം ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുള്ളത് മധ്യതിരുവിതാംകൂറില്‍ നിന്നാണ്. പ്രത്യേകിച്ചും കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്ന്. മാവേലിക്കര, ഭരണിക്കാവ്, പള്ളിക്കല്‍, കരുന്നാഗപ്പള്ളി, കരുമാടി (ആലപ്പുഴ), കിളിരൂര്‍ (കോട്ടയം), നീലംപേരൂര്‍ (ചങ്ങനാശേരി) എന്നിവിടങ്ങളില്‍ നിന്നുമാണ് ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ വിഗ്രഹങ്ങള്‍ക്കെല്ലാം ഒരേ പ്രത്യേകതയാണുള്ളത്. ക്ഷേത്രപരിസരങ്ങളില്‍ നിന്നുമാണ് ഈ വിഗ്രഹങ്ങളെല്ലാം കണ്ടെത്തിയത്. ഏറെയും കണ്ടെത്തിയത് ഭഗവതിക്ഷേത്രാങ്കണങ്ങളില്‍ നിന്നുമാണ്. അവഗണിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത് എന്നതും ചിന്തനീയമാണ്.
കാട്ടുവള്ളില്‍, കണ്ണമംഗലം, കൊയ്പ്പള്ളി കാരായ്മ, മുള്ളിക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളും ബുദ്ധഭിക്ഷുക്കളുടെ സങ്കേതമായിരുന്നു. ചെട്ടികുളങ്ങര കുമ്പളത്ത് നിത്യാനന്ദ യോഗീശ്വരന്‍ (വല്യച്ചന്‍) ഉള്‍പ്പെടെയുള്ള പലരും ശ്രീമൂലവാസത്തില്‍ പോയി ബുദ്ധമാര്‍ഗ്ഗം മനസ്സിലാക്കിയിരുന്നു. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ പത്മപാദാചാര്യര്‍ 823ല്‍ കണ്ടിയൂര്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ബുദ്ധഭിക്ഷുക്കളുടെ പ്രവര്‍ത്തനം നേരില്‍ കാണുകയുണ്ടായി. കണ്ടിയൂര്‍ പള്ളിപ്പറമ്പില്‍ സ്ഥാപിച്ചിരുന്ന ബുദ്ധവിഗ്രഹം അവിടെ നിന്നും അശുഭലക്ഷണമെന്നു കരുതി മാറ്റുകയായിരുന്നു എന്നാണ് വാമൊഴിപാരമ്പര്യം.
അദ്വൈതവിശ്വാസം സ്വീകരിക്കാത്തവര്‍ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഈ സാംശീകരണത്തിന്‍റെ പ്രതിഫലനങ്ങളാണ്. ശൈവസംസ്കാരത്തിന്‍റെയും വൈഷ്ണവസംസ്കാരത്തിന്‍റെയും സംയോഗത്താല്‍ രൂപപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളുടെ പ്രചാരത്തോടെ ബൗദ്ധവിശ്വാസം വിസ്മൃതിയിലായി. കുളങ്ങളോടുകൂടിയ ആരാധനാലയങ്ങള്‍ ബുദ്ധവിഹാരങ്ങളായിരുന്നു എന്നാണ് ചരിത്രഗവേഷകരുടെ വിലയിരുത്തല്‍. എസ്.ശങ്കു അയ്യരുടെ 'കേരളവും ബുദ്ധമതവും', ഡോ.പി.സി.അലക്സാണ്ടറുടെ 'ബുദ്ധിസം ഇന്‍ കേരള' എന്നീ ഗ്രന്ഥങ്ങള്‍ ഈ വസ്തുത അടിവരയിട്ട് പറയുന്നു.
കണ്ടിയൂര്‍ ശിവക്ഷേത്രം ഓണാട്ടുകര അരചന്‍റെയും മാടത്തിന്‍കൂര്‍ രാജാവിന്‍റെയും നിത്യസന്ദര്‍ശനത്താല്‍ പ്രചാരം ലഭിച്ചതോടുകൂടി ബുദ്ധമതം മാവേലിക്കരയില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതായി.
നൂറ്റാണ്ടുകള്‍ക്കുശേഷമാണ് അവഗണിക്കപ്പെട്ടു കിടന്ന ബുദ്ധവിഗ്രഹത്തെ കണ്ടെത്തുന്നതും പ്രതിഷ്ഠിക്കുന്നതും. ശ്രീചട്ടമ്പിസ്വാമികളുടെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഭരണിനാളിലെ വരവോടുകൂടിയാണത്. മാവേലിക്കര തഹസീല്‍ദാറും മജിസ്ട്രേറ്റുമായിരുന്ന ആണ്ടിപ്പിള്ള, അധ്യാപകശ്രേഷ്ഠന്‍ ജി.കൃഷ്ണപിള്ള എന്നിവര്‍ ചട്ടമ്പിസ്വാമികളോടൊപ്പം വില്ലുവണ്ടിയില്‍ മന്ത്യത്ത് കളീക്കല്‍ കേശവനുണ്ണിത്താന്‍റെ ഭവനത്തില്‍ വന്നു. സംസാരമധ്യേ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന പുത്രച്ചനെ(ബുദ്ധന്‍)ക്കുറിച്ചും പറഞ്ഞു. ചരിത്രപണ്ഡിതനായ ചട്ടമ്പിസ്വാമികള്‍ അതു വീണ്ടെടുത്തു ഉചിതമായി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തഹസീല്‍ദാര്‍ ഇക്കാര്യം രേഖയാക്കി ദിവാന്‍ രാഘവയ്യരെ അറിയിച്ചു. ദിവാന്‍റെ ഉത്തരവുപ്രകാരം 1923ല്‍ പുത്രച്ചനെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു. മാവേലിക്കര കൊട്ടാരത്തില്‍നിന്നാണ് മണ്ഡപം പണിതു നല്‍കിയത്. ഇന്നത്തെ മുനിസിപ്പല്‍ പാര്‍ക്കാണ് പുത്രച്ചന്‍ പറമ്പ്. അവിടെ നിന്നും ബുദ്ധവിഗ്രഹം വീണ്ടെടുത്ത് അര്‍ഹിക്കുന്ന വിധത്തില്‍ പ്രതിഷ്ഠിക്കുവാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനിയാണ് മാവേലിക്കര ഉദയവര്‍മ്മ തമ്പുരാന്‍. ഇന്നത് സാംസ്കാരിക വകുപ്പിന്‍റെ സംരക്ഷണത്തിലാണ്. എല്ലാവര്‍ഷവും ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ അഭ്യുദയകാംക്ഷികള്‍ അവിടുത്തെ കല്‍വിളക്കില്‍ തിരിതെളിക്കാറുണ്ട്.
മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഏറിയഭാഗവും. നാലു തട്ടുകളായിട്ടുള്ള കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. ഉയര്‍ന്ന തലങ്ങളിലുള്ള പുരയിടങ്ങള്‍. നെല്‍കൃഷി ചെയ്യുന്ന നിലങ്ങള്‍, ഇവയ്ക്കു മധ്യേയുള്ള തറകള്‍ അല്ലെങ്കില്‍ തകിടികള്‍. ഏറ്റവും താഴ്ന്ന പുഞ്ചനിലങ്ങള്‍ എന്നിവയാണവ. പാടശേഖരങ്ങള്‍ സമ്പന്നമാണ്. ഒന്നാം വിളയായും രണ്ടാം വിളയായും രണ്ടു നെല്‍കൃഷി നടത്തിയിരുന്നു. വിരിപ്പെന്നും മുണ്ടകന്‍ എന്നുമാണ് ഈ കൃഷിരീതി അറിയപ്പെട്ടിരുന്നത്. എള്ളും കൃഷി ചെയ്തിരുന്നു. ഇടവപ്പാതി പെയ്ത്തും തുലാപെയ്ത്തും കൊണ്ട് സമ്പന്നമായ ഭൂപ്രദേശം. പിന്നീടുണ്ടായ എല്ലാ വളര്‍ച്ചയ്ക്കും അടിസ്ഥാനം കൃഷി തന്നെയായിരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായി. തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ വായ്ത്താരികള്‍ രൂപപ്പെട്ടു. നാടന്‍പാട്ടുകളും നാടന്‍ചൊല്ലുകളും ഇതിന്‍റെ ഫലമായിട്ടുണ്ടായതാണ്. കാവും കുളവും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതോടെ അതിന് പവിത്രത കൈവന്നു.
ഭക്ഷണക്കാര്യത്തില്‍ ചില പ്രത്യേകതകളുണ്ടായി. അസ്ത്രവും പുഴുക്കും; കൊഞ്ചുംമാങ്ങയും ആഹാരത്തിലെ പ്രത്യേകതകളാണ്.
ഭാഷാഭേദങ്ങളിലൂടെ, ഉത്സവങ്ങളിലൂടെ, ആചാരാനുഷ്ഠാനങ്ങളിലൂടെ, വാസ്തുവിദ്യ ശില്പമാതൃകകളിലൂടെ കാര്‍ഷിക സവിശേഷതകളിലൂടെ ഓണാട്ടുകരയുടെ ഭാഗമായ മാവേലിക്കരയുടെ സാംസ്കാരിക ഭൂമികയെ തിരിച്ചറിയുവാന്‍ കഴിയും. ഇവിടുത്തെ ഭാഷയ്ക്ക് അതിന്‍റേതായ ചില പ്രത്യേകതകളുണ്ട്. ഒരു കാലത്ത് ഈ ഭാഷാശൈലി സവിശേഷമായി നിലനിന്നിരുന്നു. വള്ളുവനാടന്‍ സാഹിത്യത്തിന്‍റെ പ്രചാരത്തോടെ ഇവിടുത്തെ പല ഭാഷാ പ്രയോഗങ്ങളും പ്രചാരലുപ്തമായി. ഓണാട്ടുകര ഭാഷയുടെ ജൈവികത ഈ പ്രദേശത്തെ എഴുത്തുകാരുടെ കൃതികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.
ഇവിടുത്തെ സംസാരത്തിനും ചില പ്രത്യേകതകളുണ്ട്. അത് ശൈലികളായോ പ്രയോഗങ്ങളായോ പ്രചാരത്തിലായവയാണ്. 'ഉണ്ണാക്കുമാടനും പുണ്ണാക്കുമാടനും' വെറും വാമൊഴികളാണ്. ഒടപ്പിറന്നോള്‍, കൊച്ചാട്ടന്‍, പുള്ളാര്, ചിറ്റമ്മ എന്നിവ കുടുംബ ബന്ധത്തെ സൂചിപ്പിക്കുന്നു. ഉറി, കുരണ്ടി, ഉപ്പുമരവി, പത്തായം, അമ്മിക്കല്ല്, കാല്‍പ്പെട്ടി എന്നിവ ഗൃഹോപകരണങ്ങളാണ്. 'നോക്കുകുത്തി, പറയിടല്‍, കാളകെട്ട്' എന്നിവ ആചാരങ്ങളാണ്.
കന്നുകാലി പരിപാലനത്തില്‍ നിന്നും രൂപപ്പെട്ട പ്രയോഗങ്ങളാണ് 'കെട്ടിക്കറവ, കൂത്താടുക, ചെന പിടിക്കുക, കെട്ടും മൂട്, അയവെട്ടുക' എന്നിവ. കാളകളെ തിരിച്ചറിയുന്നതിനും പേരുകളുണ്ട്. വെള്ളരോമത്തില്‍ കറുപ്പ് ചേര്‍ന്നതിന് 'മൈല' എന്നും, കറുപ്പ് നിറത്തില്‍ വെള്ള മറുകുള്ളതിന് 'കോളമറ' എന്നും, കടും ചുവപ്പു നിറത്തില്‍ വെളുത്ത പുള്ളിയോ കറുത്ത പുള്ളിയോ ഉള്ളതിന് 'മാല്‍മറ' എന്നും, കൊമ്പുകള്‍ മുമ്പോട്ടു വളഞ്ഞ് തമ്മില്‍ ചേര്‍ന്നതാണെങ്കില്‍ 'കുടകൊമ്പന്‍' എന്നും, കൊമ്പു മുന്നോട്ടു കുനിഞ്ഞതാണെങ്കില്‍ 'കൂനിക്കൊമ്പന്‍' എന്നും പറയും. ഏരാപ്പം (വീടിനോടു ചേര്‍ന്നുള്ള ഭാഗം), ഏനം (വാക്ക്), പരണ്ടി (പരണ്ടി കിളക്കുക) എന്നീ പ്രയോഗങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പ്രയോഗരഹിതമായി. '... ആണേ...' എന്ന പ്രയോഗം ഈ നാടിന്‍റെ പ്രത്യേകതയാണ്. വിനയത്തിന്‍റെ ഭാഷ എന്നാണ് എസ്.ഗുപ്തനായര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
സംസ്കാരത്തിന്‍റെ ഭാഗമായി ആരാധനാലയങ്ങള്‍. ഉത്സവങ്ങള്‍ സാമൂഹിക സംസ്കൃതിയായി. ഈ സാംസ്കാരിക പശ്ചാത്തലത്തില്‍ ക്രിസ്തുമതവും ഇസ്ലാം മതവും പ്രചരിച്ചു. വിശ്വാസത്തില്‍ ഭിന്നത പുലര്‍ത്തിയിരുന്നുവെങ്കിലും സംസ്കാരത്തില്‍ ഏകീഭാവം നിലനിര്‍ത്തി. ജാതിയതയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാത്മികപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു. ആദ്ധ്യാത്മികചാര്യന്മാര്‍ അതിനു നേതൃത്വം വഹിച്ചു. കൊളോണിയല്‍ വാഴ്ചയ്ക്കെതിരെ ദേശീയപ്രസ്ഥാനം രൂപപ്പെട്ടപ്പോള്‍ ദേശങ്ങളും അതിന്‍റെ ഭാഗമായി. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസും അതില്‍ നിന്നും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിപ്ലവപ്രസ്ഥാനങ്ങളും ഉണ്ടായി.